കാക്ക എനിക്ക് വളരെയധികം
ഇഷ്ടപെട്ട ഒരു പക്ഷിയാണ്. സ്വന്തമല്ലാത്ത കുയില്‍കുഞ്ഞിനെ എത്ര തലമുറകളായി അവ
പോറ്റി വളര്‍ത്തുന്നു. വെള്ളവും ഭക്ഷണവുമൊക്കെ എത്തിച്ച് വളര്‍ത്തിയെടുത്താലും
പറക്കമുറ്റുമ്പോ അമ്മക്കിളിയെ തനിച്ചാക്കി ആ കുഞ്ഞിക്കിളികള്‍ പറന്നു പോകും. എന്നെങ്കിലും
ഒരു കുയില്‍ക്കുഞ്ഞു പോലും കാക്കമ്മയെ തേടി വന്ന കഥ കേട്ടിട്ടില്ല. കുയിലുകള്‍
എന്നും കുയിലുകളോടെ ചേരാറുള്ളു. കാക്കകള്‍ എന്നും കാക്കകളോടും.
സ്നേഹിക്കുന്നവര്‍
ചിലപ്പോള്‍ തമ്മില്‍ പറയാറില്ലേ “ഈ ജന്മത്തില് ഒന്നിക്കാന്‍ പറ്റിയില്ലെങ്കില്‍
അടുത്ത ജന്മത്തില് നമുക്ക് ഒന്നിക്കാ” -മെന്ന്? ഈ ജന്മത്തില് പോലും ഒന്നിക്കാന്‍
കഴിയാത്ത അവര്‍ എങ്ങനെയാണു തീരെ വ്യക്തതയില്ലാത്ത മറ്റൊരു ജന്മത്തിലെക്ക് വാക്ക്
കൊടുക്കുന്നത്? ഒരു പക്ഷെ അത് ഒരു ആശ്വസിപ്പിക്കലാകാം. നമ്മുടെ കയ്യിലല്ലാത്ത
പലതിന്റെയും ഓര്‍മ്മപ്പെടുത്തല്‍.
പണ്ട് സ്നേഹിച്ചിരുന്ന
പലതിനെയും വെറുക്കാനല്ല മനപൂര്‍വം മറക്കാനാണ് പിന്നീട് ജീവിതമെന്നെ പഠിപ്പിച്ചത്. സ്നേഹം
ഓര്‍മയാകുന്നത് അത് തിരിച്ച് കിട്ടുമ്പോഴാണ്. സ്നേഹം തിരിച്ചറിവാകുന്നത് അത്
നഷ്ടപെടുമ്പോഴും. പറഞ്ഞ വാക്കുകളെക്കാള്‍ പറയാന്‍ വിട്ട വാക്കുകളായിരിക്കും അവരെ
കുറിച്ചുള്ള നമ്മുടെ ഓര്‍മ്മകള്‍. നിശബ്ദമായ തേങ്ങല്‍ പോലെ അവ തൊണ്ടയില്‍ കുരുങ്ങി
മരിച്ചുവീഴും.
നഷ്ടപെട്ട പ്രണയം മനസ്സില്‍
പെയ്ത മഴയാണെങ്കില്‍ സ്വീകരിക്കപെടാത്ത പ്രണയം ചാറ്റല്‍ മഴയാണെന്ന് എനിക്ക് പലപ്പോഴും
തോന്നിറ്റുണ്ട്. ചാറ്റല്‍ മഴയെ ആരും ഓര്‍മിക്കാറില്ല. മഴയെ സ്നേഹിക്കുന്നവര്‍
പോലും. എങ്കിലും അവ പെയ്തുകൊണ്ടേയിരിക്കും. ആര്‍ക്കോ വേണ്ടി. എന്തിനോ വേണ്ടി.
ചിലപ്പോള്‍ ചില മഴയോര്‍മകള്‍ തിരിച്ചു കൊണ്ടുവരാനായി...
1 comments:
⛈❤⛈
Post a Comment